'ജയിലർ 2' ചിത്രീകരണത്തിനായി രജനികാന്ത് അട്ടപ്പാടിയിൽ
അട്ടപ്പാടി (പാലക്കാട്): ദക്ഷിണേന്ത്യൻ സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലർ 2' ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി സൂപ്പർസ്റ്റാർ രജനികാന്ത് അടക്കം സംഘാംഗങ്ങൾ അട്ടപ്പാടിയിലെ ഷോളയൂർ ഗോഞ്ചിയൂരിൽ എത്തി. ഷൂട്ടിംഗിനായി ഏകദേശം 20 ദിവസത്തോളം രജനികാന്ത് കേരളത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളാണ് അട്ടപ്പാടിയിൽ നടക്കുന്നത്. മാർച്ചിൽ ചെന്നൈയിൽ ആരംഭിച്ച ചിത്രീകരണത്തിന് തുടർച്ചയായാണ് ഇപ്പോഴത്തെ ഷെഡ്യൂൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. 2023ൽ റിലീസ് ചെയ്ത ആദ്യ ഭാഗം ബോക്‌സ് ഓഫീസിൽ 600 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി ഹിറ്റായതിനെ തുടർന്നാണ് 'ജയിലർ 2' പ്രതീക്ഷ ഉയർത്തുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ വർഷം ജനുവരിയിലാണ് പ്രൊമോ വിഡിയോയ്‌ക്കൊപ്പം നടത്തിയത്.